Thursday, March 16, 2017

ഒരു നോക്ക് കാണുവാന്‍






ഇരവിനെ പകലാക്കിയിരുളിന്‍
മറനീക്കിയൊരുവേള
ഞാനൊന്നു വന്നതല്ലേ,
ഒരു മാത്ര കാണുവാന്‍ വന്നതല്ലേ


നിന്റെ  നിശ്വാസങ്ങളേറ്റു കിടക്കുവാന്‍
നിന്റെ  മാറില്‍ തല  ചായ്ചീടുവാന്‍
മോഹമുണ്ടേറേയെനിക്കെങ്കിലും
സമയമേറെയില്ലോമനേ നീയുറങ്ങൂ


എന്തിനായെൻ പ്രിയേ നീ വിതുമ്പുന്നൂ
തനിച്ചാവലെല്ലാര്‍ക്കും പറഞ്ഞതല്ലേ
എത്ര  നാള്‍ നമ്മളും ആടിതിമര്‍ത്തൊരീ
ലോകമെനിയ്ക്കിന്നതന്യമല്ലേ


രാപ്പാടി പാടുന്നു ചെറുകാറ്റടിക്കുന്നു
രാത്രിയിതെത്രയോ  വൈകിയപോല്‍
 തിരികെ ഞാന്‍ പോകുന്നു
മണ്ണില്‍ മയങ്ങിടാന്‍
നീ വരും നേരവും കാത്തിരിക്കാം
 

പുഴ ഒഴുകുമ്പോൾ


പുഴ  ഒഴുകുമ്പോൾ...
വരണ്ടുണങ്ങാനായി മാത്രം
 നിറഞ്ഞ്  കവിയട്ടേ  ഞാനും
ആയിരം മഴപ്പാറ്റ  തൻ  ജന്മങ്ങൾ
ആഹാവിച്ചൊരെൻ മിടിപ്പൊടുങ്ങും 
വരേയ്ക്കും കുണുങ്ങിച്ചിരിക്കട്ടേ  ഞാനും

ഗ്രീഷ്മ  രാവുകളിലേകാന്തമായ്
നിശ്ചല  മൂകമായ്  കിടക്കുമ്പോൾ
കൂടെ  വിയർത്തുരുകിയൊലിക്കുവാൻ
വരിക  മണൽ  തരികളേ 
മലയിടിച്ചും മഹാ മരമൊടിച്ചും.

അകലെയല്ല  മഹാ  സാഗരം
പ്രകൃതി  തൻ  അനന്തമാം 
പ്രണയമാണതിൽ  മുഴുവനായ്
ഒഴുകിയെത്തിടാം വേഗമീ 
ദുരിത ഭൂമി താണ്ടിടാം ,

ബാഷ്പമായ്  മോക്ഷമേകിടാൻ
സ്നേഹസാഗരം  കാത്തിരിക്കവേ
ചെന്നലിഞ്ഞിടാമാമടിത്തട്ടിലായ്
വീണ്ടുമെത്തിടാൻ വർഷബിന്ദുവായ് 

Sunday, March 12, 2017

നാം ബലിയര്‍പ്പിച്ചത്





നാം ബലിയര്‍പ്പിച്ചത്

നാക്കിലയെ  മനസ്സില്‍ ധ്യാനിച്ച്
പേപ്പര്‍ ""വാഴയില""
  നെഞ്ചോട് ചേര്‍ത്ത്
നിലത്ത് വെച്ചു

കുപ്പി വെള്ളം  അടപ്പ് മാറ്റി
മൊബൈല്‍ പിടിച്ച  കയ്യിലൊഴിച്ച്  
തൂശനിലേയിലേക്ക് തളിച്ചു

അടുപ്പ് കൂട്ടി
  നോണ്‍   സ്റ്റിക്ക് പാത്രത്തില്‍
വെള്ളം ഒഴിച്ച്
തിളച്ചപ്പോള്‍  അതിലേക്ക്
ധ്യാനത്തോടെ മാഗി ഇട്ടു

തുളസി  ഇല
  മനസ്സില്‍  സങ്കല്പിച്ച് 
ഓര്‍ക്കിഡ് പുഷ്പത്താല്‍
  നീരു പകര്‍ന്ന്  
ഇലയിലേക്കൊഴിച്ചു.

കുറുകി വന്ന  മാഗി 
ചെറു ചൂടോടെ   ഒരുട്ടി
ഇലയ്ക്ക് ചുറ്റും
മൂന്ന്  വട്ടം  കറക്കി
ഡിയര്‍ മമ്മിയ്ക്ക് ബലി .

കാഷ്ടിക്കാന്‍ കാഷ്ടം പോലും
ഇല്ലാതൊരു  ബലിക്കാക്ക 
എല്ലാം കണ്ട് മരത്തില്‍
ഇരുന്നു കരഞ്ഞു,