Thursday, March 16, 2017

ഒരു നോക്ക് കാണുവാന്‍






ഇരവിനെ പകലാക്കിയിരുളിന്‍
മറനീക്കിയൊരുവേള
ഞാനൊന്നു വന്നതല്ലേ,
ഒരു മാത്ര കാണുവാന്‍ വന്നതല്ലേ


നിന്റെ  നിശ്വാസങ്ങളേറ്റു കിടക്കുവാന്‍
നിന്റെ  മാറില്‍ തല  ചായ്ചീടുവാന്‍
മോഹമുണ്ടേറേയെനിക്കെങ്കിലും
സമയമേറെയില്ലോമനേ നീയുറങ്ങൂ


എന്തിനായെൻ പ്രിയേ നീ വിതുമ്പുന്നൂ
തനിച്ചാവലെല്ലാര്‍ക്കും പറഞ്ഞതല്ലേ
എത്ര  നാള്‍ നമ്മളും ആടിതിമര്‍ത്തൊരീ
ലോകമെനിയ്ക്കിന്നതന്യമല്ലേ


രാപ്പാടി പാടുന്നു ചെറുകാറ്റടിക്കുന്നു
രാത്രിയിതെത്രയോ  വൈകിയപോല്‍
 തിരികെ ഞാന്‍ പോകുന്നു
മണ്ണില്‍ മയങ്ങിടാന്‍
നീ വരും നേരവും കാത്തിരിക്കാം
 

പുഴ ഒഴുകുമ്പോൾ


പുഴ  ഒഴുകുമ്പോൾ...
വരണ്ടുണങ്ങാനായി മാത്രം
 നിറഞ്ഞ്  കവിയട്ടേ  ഞാനും
ആയിരം മഴപ്പാറ്റ  തൻ  ജന്മങ്ങൾ
ആഹാവിച്ചൊരെൻ മിടിപ്പൊടുങ്ങും 
വരേയ്ക്കും കുണുങ്ങിച്ചിരിക്കട്ടേ  ഞാനും

ഗ്രീഷ്മ  രാവുകളിലേകാന്തമായ്
നിശ്ചല  മൂകമായ്  കിടക്കുമ്പോൾ
കൂടെ  വിയർത്തുരുകിയൊലിക്കുവാൻ
വരിക  മണൽ  തരികളേ 
മലയിടിച്ചും മഹാ മരമൊടിച്ചും.

അകലെയല്ല  മഹാ  സാഗരം
പ്രകൃതി  തൻ  അനന്തമാം 
പ്രണയമാണതിൽ  മുഴുവനായ്
ഒഴുകിയെത്തിടാം വേഗമീ 
ദുരിത ഭൂമി താണ്ടിടാം ,

ബാഷ്പമായ്  മോക്ഷമേകിടാൻ
സ്നേഹസാഗരം  കാത്തിരിക്കവേ
ചെന്നലിഞ്ഞിടാമാമടിത്തട്ടിലായ്
വീണ്ടുമെത്തിടാൻ വർഷബിന്ദുവായ് 

Sunday, March 12, 2017

നാം ബലിയര്‍പ്പിച്ചത്





നാം ബലിയര്‍പ്പിച്ചത്

നാക്കിലയെ  മനസ്സില്‍ ധ്യാനിച്ച്
പേപ്പര്‍ ""വാഴയില""
  നെഞ്ചോട് ചേര്‍ത്ത്
നിലത്ത് വെച്ചു

കുപ്പി വെള്ളം  അടപ്പ് മാറ്റി
മൊബൈല്‍ പിടിച്ച  കയ്യിലൊഴിച്ച്  
തൂശനിലേയിലേക്ക് തളിച്ചു

അടുപ്പ് കൂട്ടി
  നോണ്‍   സ്റ്റിക്ക് പാത്രത്തില്‍
വെള്ളം ഒഴിച്ച്
തിളച്ചപ്പോള്‍  അതിലേക്ക്
ധ്യാനത്തോടെ മാഗി ഇട്ടു

തുളസി  ഇല
  മനസ്സില്‍  സങ്കല്പിച്ച് 
ഓര്‍ക്കിഡ് പുഷ്പത്താല്‍
  നീരു പകര്‍ന്ന്  
ഇലയിലേക്കൊഴിച്ചു.

കുറുകി വന്ന  മാഗി 
ചെറു ചൂടോടെ   ഒരുട്ടി
ഇലയ്ക്ക് ചുറ്റും
മൂന്ന്  വട്ടം  കറക്കി
ഡിയര്‍ മമ്മിയ്ക്ക് ബലി .

കാഷ്ടിക്കാന്‍ കാഷ്ടം പോലും
ഇല്ലാതൊരു  ബലിക്കാക്ക 
എല്ലാം കണ്ട് മരത്തില്‍
ഇരുന്നു കരഞ്ഞു,

Saturday, February 18, 2017

ഉപ്പ്




ഉപ്പ്

കടലുരുക്കുന്ന മോഹാവേശങ്ങൾക്കിടയിലും
ഉയർന്നു താഴുന്ന തിരയിളക്കങ്ങളിൽ
നിന്റെ ഓരോ അണുവിലും
ഉപ്പു തിരയുന്നവൻ ഞാൻ
പ്രണയ രസതന്ത്രങ്ങളൂടെ
അടക്കാനാവാത്ത സ്വാതന്ത്ര്യ മോഹങ്ങളെ
സ്ഥിതി സമ്മർദ്ദങ്ങളാൽ
ഖനീഭവിപ്പിച്ച് പരൽ രൂപം കൊണ്ടവൾ നീ
ജൈവ നൈര്യന്തരങ്ങളിലെ
ലവണ ശ്വേതാംശു
എന്നും നിയത രൂപങ്ങളിൽ
കുരുങ്ങി കിടക്കാൻ വിധിക്കപ്പെട്ടവൾ
കാറും കോളുമില്ലാത്തൊരു കടൽ
സ്വപ്നം മാത്രം കണ്ട് മയങ്ങുന്ന,
ഭൂതകാലത്തേക്കൊരു മടക്കയാത്രയില്ലാത്ത
ജൈവ സാഗരത്തിന്റെ
പാവം ബാക്കി പത്രം.

നാടു വിട്ട് പോകുന്ന മോഹങ്ങൾ.


എന്തോ തീരുമാനിച്ചുറച്ച പോലെ
പൊടുന്നനെ ഒരു ദിവസം
നാടുവിട്ടു പോകുന്ന
ചില മോഹങ്ങളുണ്ട്,

മറ്റൊരു ദേശത്ത്
മഴയായി പെയ്തും
കാറ്റായ് അലഞ്ഞും
വെയിലായി ഉരുകിയും
കാലമായ് ഉരുണ്ടും
പിന്നീടത് ജീവിതം തള്ളി നീക്കും,
അതുമല്ലെങ്കിൽ,
തിളയ്ക്കുന്ന മരുഭൂമിയിൽ
അകലെ എവിടെയോ
എന്നോ കൈമോശം വന്ന
ഹരിത സ്വപ്നങ്ങൾ
മനസ്സിൽ സൂക്ഷിച്ച്
മുടന്തി നടക്കുന്ന
ഒട്ടകങ്ങളെ പോലെ
മരുപ്പച്ചകൾ തേടി അലയും.
ഉത്സവ പറമ്പിലെയും
കല്യാണ വീട്ടിലെയും
നിറക്കാഴ്ചകളും ബഹളങ്ങളും
മറ്റേതോ ജന്മത്തിലെ
അവ്യക്തമായ ഓർമ്മകൾ പോലെ
തിരികെ മാടി വിളിക്കുമ്പോഴും
എല്ലാം ഇട്ടെറിഞ്ഞ്
തിരികെ പോകാനാവാതെ
വെറുതെയെങ്കിലും വിതുമ്പുന്നവർ .

ഉറക്കം വരാത്തവർ





വികാരം കൊണ്ട് വീർപ്പ് മുട്ടിയ
പ്രണയം ഉറക്കം വരാതെ
തിരിഞ്ഞും മറിഞ്ഞും ,

തണുത്തുറഞ്ഞ കാമം
പുതപ്പിനുള്ളിലേക്ക്
ഒന്നുകൂടെ ചുരുണ്ട്
കൂർക്കം വലിച്ചും,

ഉടലിളക്കങ്ങളിളുടെ
താള മേളങ്ങളിൽ
ഉരഗങ്ങളേ പോലെ
വരിഞ്ഞ് മുറുകിയ
ഓർമ്മകൾക്കൊടുവിൽ ,

ഗതകാല സ്മരണകളിലേക്ക്
ഊളിയിട്ട പ്രണയത്തിന്ന്
മെയ് വഴക്കങ്ങളുടെ
ഉയർച്ച തായ്ച്ചകളിൽ
കിതപ്പിലൂർന്ന് വീണ
വിയർപ്പു തുള്ളികളുടെ
ദീർഘ നിശ്വാസങ്ങൾ .

വിരസ സുഷുപ്തിയുടെ
കൊക്കൂൺ പൊട്ടിച്ച്
പ്രണയം പൂമ്പാറ്റയായി
മോഹങ്ങളുടെ ജാലകത്തിലൂടെ
പുറത്തെ നിലാവെളിച്ചതിന്റെ
അനന്ത സ്വാതന്ത്ര്യത്തിലേക്ക് ,

വിശ്വാസത്തിന്റെ സുരക്ഷയിൽ
പുതപ്പിനുള്ളിൽ തണുത്ത്
ഉറങ്ങിപ്പോയ കാമം
ഒന്നുകൂടെ കൂർക്കം വലിച്ചും
മധുര സ്വപ്നങ്ങൾ അയവിറക്കവേ,

വിടർന്ന് വരുന്ന പൂക്കളെ
കൂമ്പിയ മൊട്ടുകളെ
തൊട്ടും തഴുകിയും
മെല്ലെ തലോടിയും
തിരികെ വന്ന പ്രണയം ,

വീണ്ടും ജാലകത്തിലൂടെ ഊർന്നിറങ്ങി
മെല്ലെ പുതപ്പ് വലിച്ച് നീക്കി
സ്നേഹത്തിന്റെ കുറുനിരകളിലെ
വിയർപ്പ് തുടച്ച്
തലോടി അവളോടൊപ്പം
പുതപ്പിനുള്ളിലേക്കൊരു
നിശ്വാസമായ് ഒരു വിശ്വാസമായ് .

അനുഷ്ടാന കലകൾ



അനുഷ്ടാന  കലകൾ
അന്യം നിന്നു പോകാതിരിക്കാള്ള
ഭഗീരഥ  പ്രയത്നത്തിലായിരുന്നു
അയാൾ   എന്നും...

തെയ്യത്തിന്റെ  ഭാവ  തീവ്രത
കൂട്ടിയാട്ടത്തിന്റെയും 
പുള്ളുവൻ പാട്ടിന്റെയും
രൂപപരമായ  സവിശേഷതകൾ.
അങ്ങനെ  എന്തെല്ലാമാണു
നമുക്ക് നഷ്ടമാവുന്നത്
കഥകളി  ആരും  കളിക്കാത്തതിലെ.
.ആസ്വദിക്കാൻ  ശ്രമിക്കാത്തതിലെ 
ക്ഷോഭം  പലപ്പോഴും
ആ മുഖം രൗദ്രഭാവമാക്കി


ജനങ്ങളെ  പ്രബുദ്ധരാക്കി
   സെമിനാറുകളിൽ നിന്നും
സെമിനാറുകളീലേക്കും
ചാനലുകളിൽ നിന്നും
ചാനലുകളിലേക്കും
  ഇടതടവില്ലാത്ത   ഓട്ടം
പേപ്പറിൽ  പടം.

അച്ചാ ഞാൻ പത്താം ക്ലാസ്  കഴിഞ്ഞു
കഥ  കളിയോ  പുള്ളൂവൻ  പാട്ടോ 
തെയ്യമോ  ഞാൻ ചെയ്യെണ്ടതെന്ന 
മകന്റെ  ചോദ്യത്തിനു മുന്നിൽ
  അയാൾ  അലറി..
അതെല്ലാം  പഠീച്ചിട്ട്
നിന്റെ  അച്ഛൻ  തരുമോ ജോലി
 എൻട്രസ്  കോച്ചിങ്ങിനു പോടാ !!!!