Saturday, February 18, 2017

ഉറക്കം വരാത്തവർ





വികാരം കൊണ്ട് വീർപ്പ് മുട്ടിയ
പ്രണയം ഉറക്കം വരാതെ
തിരിഞ്ഞും മറിഞ്ഞും ,

തണുത്തുറഞ്ഞ കാമം
പുതപ്പിനുള്ളിലേക്ക്
ഒന്നുകൂടെ ചുരുണ്ട്
കൂർക്കം വലിച്ചും,

ഉടലിളക്കങ്ങളിളുടെ
താള മേളങ്ങളിൽ
ഉരഗങ്ങളേ പോലെ
വരിഞ്ഞ് മുറുകിയ
ഓർമ്മകൾക്കൊടുവിൽ ,

ഗതകാല സ്മരണകളിലേക്ക്
ഊളിയിട്ട പ്രണയത്തിന്ന്
മെയ് വഴക്കങ്ങളുടെ
ഉയർച്ച തായ്ച്ചകളിൽ
കിതപ്പിലൂർന്ന് വീണ
വിയർപ്പു തുള്ളികളുടെ
ദീർഘ നിശ്വാസങ്ങൾ .

വിരസ സുഷുപ്തിയുടെ
കൊക്കൂൺ പൊട്ടിച്ച്
പ്രണയം പൂമ്പാറ്റയായി
മോഹങ്ങളുടെ ജാലകത്തിലൂടെ
പുറത്തെ നിലാവെളിച്ചതിന്റെ
അനന്ത സ്വാതന്ത്ര്യത്തിലേക്ക് ,

വിശ്വാസത്തിന്റെ സുരക്ഷയിൽ
പുതപ്പിനുള്ളിൽ തണുത്ത്
ഉറങ്ങിപ്പോയ കാമം
ഒന്നുകൂടെ കൂർക്കം വലിച്ചും
മധുര സ്വപ്നങ്ങൾ അയവിറക്കവേ,

വിടർന്ന് വരുന്ന പൂക്കളെ
കൂമ്പിയ മൊട്ടുകളെ
തൊട്ടും തഴുകിയും
മെല്ലെ തലോടിയും
തിരികെ വന്ന പ്രണയം ,

വീണ്ടും ജാലകത്തിലൂടെ ഊർന്നിറങ്ങി
മെല്ലെ പുതപ്പ് വലിച്ച് നീക്കി
സ്നേഹത്തിന്റെ കുറുനിരകളിലെ
വിയർപ്പ് തുടച്ച്
തലോടി അവളോടൊപ്പം
പുതപ്പിനുള്ളിലേക്കൊരു
നിശ്വാസമായ് ഒരു വിശ്വാസമായ് .

No comments:

Post a Comment