ഉപ്പ്
കടലുരുക്കുന്ന മോഹാവേശങ്ങൾക്കിടയിലും
ഉയർന്നു താഴുന്ന തിരയിളക്കങ്ങളിൽ
നിന്റെ ഓരോ അണുവിലും
ഉപ്പു തിരയുന്നവൻ ഞാൻ
പ്രണയ രസതന്ത്രങ്ങളൂടെ
അടക്കാനാവാത്ത സ്വാതന്ത്ര്യ മോഹങ്ങളെ
സ്ഥിതി സമ്മർദ്ദങ്ങളാൽ
ഖനീഭവിപ്പിച്ച് പരൽ രൂപം കൊണ്ടവൾ നീ
ജൈവ നൈര്യന്തരങ്ങളിലെ
ലവണ ശ്വേതാംശു
എന്നും നിയത രൂപങ്ങളിൽ
കുരുങ്ങി കിടക്കാൻ വിധിക്കപ്പെട്ടവൾ
കാറും കോളുമില്ലാത്തൊരു കടൽ
സ്വപ്നം മാത്രം കണ്ട് മയങ്ങുന്ന,
ഭൂതകാലത്തേക്കൊരു മടക്കയാത്രയില്ലാത്ത
ജൈവ സാഗരത്തിന്റെ
പാവം ബാക്കി പത്രം.