Saturday, February 18, 2017

ഇവാ ബ്രൗൺ....



ഇവാ,.. ഒരിക്കലെങ്കിലും
നിനക്കു വിലക്കാമായിരുന്നില്ലേ
അരുതെന്ന് പറയാമായിരുന്നില്ലേ

പ്രണയ മൗനങ്ങളുടെ
വെള്ളിമേഘങ്ങളെ നോക്കി
പൊട്ടിച്ചിരിക്കുന്നതിനിടയിലോ
സന്ധ്യാബരത്തിലേക്കുറ്റു നോക്കി
അവനുമായി കിന്നരിക്കുമ്പോഴോ
ഒരിക്കൽ....ഒരിക്കലെങ്കിലും
അരുതെന്ന് പറയമായിരുന്നില്ലേ

നിനക്കായി മാത്രം ഒരുക്കിയ
കുന്നിൽ പുറത്തെ കൊട്ടാരത്തിൽ
അവനുമൊന്നിച്ച് രതിയുടെ
വിയർപ്പുതുള്ളികൾ പങ്കിടുമ്പോൾ,

അതുമല്ലെങ്കിൽ,
പ്രണയ നിമിഷങ്ങളുടെ
സ്വേച്ഛാധിപത്യങ്ങളിൽ
നില്ലാവുള്ള രാത്രിയിൽ.
ആ വിരിമാറിൽ മുഖമർത്തിയിരിക്കുമ്പോൾ,

ഒരു നിമിഷത്തേക്കെങ്കിലും
അവൻ നിന്നിൽ അടിയറവു പറയുന്ന
സമയസൂചികയുടെ ഏതെങ്കിലുമൊരു
സ്വകാര്യ മുനമ്പിൽ
നിനക്കവനെ വിലക്കാമായിരുന്നില്ലേ

വംശവെറിയുടെ ശ്വാസം മുട്ടിക്കുന്ന
ഹിതപരിശോധനകളിൽ ,
ജൂതക്കുടിലുകൾക്കു മുന്നിൽ
ഉയർന്ന് കേട്ട ബാല്യങ്ങളുടെ
ആർത്തനാദങ്ങൾ കേട്ടെങ്കിലും
അരുതെന്നൊരു വാക്ക്
നിനക്കെങ്കിലും പറയാമായിരുന്നില്ലേ

ഇവാ ബ്രൗൺ, നീയെന്തിനൊരു
കാമുകിയായി മാത്രം അധപതിച്ചു,
കുടില തന്ത്രങ്ങളുടെ
വിഷപ്പുകയേറ്റ് നീറി മരിച്ചവർ
നിന്നെയൊരു മാലാഖയെ പോലെ
ഇന്നും വാഴ്ത്തുമായിരുന്നില്ലേ
ദുരന്തസ്മരണകളുടെ ചരിത്രം
നിന്നെ പൂവിട്ട് പൂജിക്കുമായിരുന്നില്ലേ !!

No comments:

Post a Comment