Monday, January 16, 2017

നിധി





അച്ഛൻ എന്നും പറയുമായിരുന്നു
പറമ്പിൽ നിധിയുണ്ടെന്ന്.
സ്ഥലവും കൃത്യമായി പറഞ്ഞിരുന്നു,
ഏറ്റവും താഴത്തെ തൊടിയിൽ
കുടകപ്പാലയുടെ ചുവട്ടിൽ !
പൂത്തു നിൽക്കുന്ന കുടകപ്പാലയും
എന്നെങ്കിലും ലഭിക്കുന്ന നിധിയും
സ്വപ്നത്തിൽ പല തവണ
എന്നെയും മോഹിപ്പിച്ചതാണു .
പ്രായാധിക്യത്താൽ അച്ഛൻ
മുൻപ് പറഞ്ഞ പലതും
ഇപ്പൊൾ ഓർക്കുന്നില്ലെങ്കിലും
ഒന്നും വെറുതെ പറഞ്ഞതായിരുന്നില്ല
സത്യമായിരുന്നത്, നിധിയുണ്ടവിടെ.
ആ കുടകപ്പാലച്ചുവട്ടിൽ ആണല്ലോ
അമ്മ ഇപ്പോൾ ഉറങ്ങുന്നത്.

വെറുതെ



വെറുതെ  ഒരു  ചിന്ത

വെറുതെ  ചിരിക്കുവതെങ്ങിനെ  ഞാന്‍ 
കഠിന  ഹൃദയമൊന്നുള്ളില്‍
മിടിച്ച്  നില്‍ക്കേ,

വെറുതെ   നടക്കുവതെങ്ങിനെ  ഞാന്‍
  ദുരിത  യാത്രകളേറെ 
നടന്നിരിക്കേ,

 വെറുതെ  കരയുവതെങ്ങിനെ  ഞാന്‍
കരളു നൊന്തും പിടഞ്ഞും
കരഞ്ഞിരിക്കേ ,

വെറുതെ  ഉറങ്ങുവതെങ്ങിനെ  ഞാന്‍ 
രക്ത ബന്ധങ്ങളെല്ലാം
മരിച്ച് നില്‍ക്കേ ,

വെറുതെ  നടിയ്ക്കുവതെങ്ങിനെ  ഞാന്‍
ജീവ  നടനത്തിനിടയില്‍
  മിഴിച്ച് നില്‍ക്കേ,

വേറുതെ  മരിയ്ക്കുവതെങ്ങിനെ  ഞാന്‍
കര്‍മ്മ  ബന്ധങ്ങള്‍  എത്രയോ
ബാക്കി നില്‍ക്കേ !

ബലാൽ സംഗം




ബലാൽ  സംഗം  ഒരു  കലയാണത്രേ,
കാലവേദികളിൽ നിറഞ്ഞാടുന്ന
അനുഷ്ടാന  കലയുടെ
പകരം വെക്കാനില്ലാത്ത അദ്വിതീയത.
ഒരിക്കലും നീച  ഭംഗം വരാത്ത
 ഗുഹ്യ  മോഹങ്ങളുടെ അകമ്പടിയിൽ
ദ്രുത  വിലംബിത   താളമേളങ്ങളുടെ
കുതിര  ശക്തിയിൽ വേട്ടക്കാരന്റെ
മനോധർമ്മം അതിരുകളില്ലാത്ത
സാധ്യതകൾ  മാത്രം  തേടുമ്പോൾ
ആക്രോശങ്ങൾക്കിടയിൽ
കുരുങ്ങി പുറത്ത്  വരാത്ത
  ഇരയുടെ  പിടയുന്ന  നിലവിളികളും
മത്സരത്തിന്ന്  മാറ്റു കൂട്ടുമ്പോൾ
കാണികളെ  അമ്പരപ്പിച്ചും
സംഗതികൾ  ഇനിയും 
പുറത്ത്  വരാണുണ്ടെന്നും
അടുത്ത  തവണ ഇതിലും  നന്നാക്കണം
  എന്നുമുള്ള  ഉപദേശങ്ങൾ കൊടുക്കുന്ന
കറുത്ത  കോട്ടിട്ട വിധികർത്താക്കളെ
 വിസ്മയത്തുമ്പത്തിരുത്തിയും
 ഇരയെ  തൂക്കിയെടുത്ത് 
അടുത്ത  വേദി  തേടി പോകുന്ന 
വേട്ടക്കാരന്റെ ഒരിക്കലും തീരാത്ത
പകയുടെ മൃഗീയ  കല

വിശ്വാസങ്ങളുടെ കാവൽക്കാരാ...




 വിശ്വാസങ്ങളുടെ  കാവൽക്കാരാ...

വിശാസങ്ങളുടെ  കാവൽക്കാരാ
നീയിപ്പോളെവിടെയാണു.
പുറത്ത് വെറുതെ ആരവം
മുഴക്കി  കളിക്കുന്ന
കുഞ്ഞു സിദ്ധാന്തങ്ങളെയും
തത്വ ശാസ്ത്രങ്ങളെയും
വെവ്വേറെ  വരിയാക്കി നിർത്തി
പേർ  ചൊല്ലി  വിളിച്ച്
ഹാജറെടുത്തകത്താക്കി
ഇരുട്ട്  മുറിയിലടച്ച്
പുറത്ത്  നിന്നും താഴിട്ട് പൂട്ടി ,
  ഞാൻ പോലുമറിയാതവയെന്റെ
മനസ്സിലെക്കു കയറാതിരിക്കാൻ 
കാവലിരിക്കയാണു ഞാനിപ്പോൾ .
 കണ്ണടച്ചിരുട്ടാക്കുമ്പോൾ
ഞാനെല്ലാം  കാണുന്നു .,
അവിടെ ദൂരെ ,നിന്ന  നിൽ‌പ്പിൽ 
പച്ചയ്ക്ക്  കത്തുന്നൊരു  പടുമരം !
 തീജ്വാലകളെ  അവഗണിച്ചും
സംഘമായി  ദേശീയ  ഗാനം  പാടുന്ന
ലോഹക്കിളികളുടെ  കാലൊച്ചകൾ !
അതിനുമപ്പുറം  ഇരുട്ടിൽ
പ്രണയ  ജൈവായുധങ്ങളാൽ
സ്നേഹനിർജ്ജലീകരണം
നടത്തുന്ന  മുഖമില്ലാക്കമിതാക്കൾ .
എവിടെയോ ദുരയുടെ 
അനന്താകാശങ്ങൾ  തേടി
പുതിയ പര്യവേക്ഷണങ്ങൾ .
വിശ്വാസങ്ങളുടെ  കാവൽക്കാരാ
ഞാനിവിടെ  തനിച്ചാണു
നീയിപ്പോൾ  എവിടെയാണു

ഒബ്സെസീവ് ഡിസോർഡർ





പിന്നെയും പിന്നെയും
തിരിഞ്ഞ് നോക്കിയിട്ടും
പുറകിലാരുമില്ലെന്നുറപ്പ് വരുത്തിയിട്ടും
ആരോ ഉണ്ടെന്ന തോന്നൽ
മനസ്സേ നീ കാര്യമാക്കേണ്ട,

വീണ്ടും വീണ്ടും കഴുകിയിട്ടും
കയ്യിലെ അഴുക്ക്
പോയില്ലെന്ന ചിന്തയാൽ
വീണ്ടും വീണ്ടും കഴുകി
സമയം കളയണ്ട,
വാതിൽ നന്നായടച്ചിട്ടും
തഴിട്ടോ ഇല്ലയോ
എന്ന സംശയം
താഴിട്ട് പൂട്ടി മറന്നേക്കുക,
തലയ്ക്ക്പുറകിലൊരു
ചുറ്റികയടി നിർത്താതെ
ദ്രുതതാളം മുഴക്കുമ്പോൾ
വെറുതെ നനയുന്ന കണ്ണുകളീൽ
അറിയാതെ പോകുന്ന
എത്രയോ ദീർഘനിശ്വാസങ്ങളിൽ
മരുന്നിന്റെ മരവിപ്പിൽ
അവ്യക്ത സ്വപ്നങ്ങളുടെ
ഉറക്കമില്ലായ്മയിൽ,
നീയെന്ന ചിന്തയുടെ
അപനിർമ്മാണത്തെ
ഞാനെന്ന ബോധവുമായി
വെറുതെ കൂട്ടിക്കുഴക്കണ്ട,
എന്തിനെന്ന ചിന്ത തന്നെ
എന്തിനെന്ന തോന്നൽ
ഇനിയും വലിച്ചിഴക്കുന്ന
ചിന്തയുടെ നിലയ്ക്കാത്ത
മായാവലയത്തിൽ നിന്നും
പുറത്ത് വരാനാവാതെ
എന്നെ വലയ്ക്കുന്ന
മനസ്സേ നിനക്ക് സ്തുതി !

പ്രാദേശിക വാർത്തകൾ...




പ്രാദേശിക  വാർത്തകൾ...


കയറു പിരിച്ചും 
കുണുങ്ങി  കുണുങ്ങി നടന്നും
ഒളികണ്ണിട്ട് ചിരിച്ചും  നടന്ന 
  ശാരദയ്ക്ക് വെറും
ഒരു മുഴം കയർ മതിയായിരുന്നു.

അടി പൊളി വണ്ടി 
എന്നെല്ലാരും പറയുമായിരുന്ന
നടക്കുമ്പോൾ കുലുങ്ങുന്ന വസന്ത 
വണ്ടിപ്പാളത്തിൽ  ആയിരുന്നു
  ചോര ചിതറി   ചിരിച്ച് കിടന്നത്

കുളി  സീൻ കാണാൻ 
എല്ലാരും കൊതിച്ചിരുന്ന
 ഭാർഗവിയാണു ഒരിക്കൽ
പോലീസു  വരുന്നവരെ
പുഴയിൽ കമഴ്ന്നു
പൊങ്ങി കിടന്നതും

കയറു പിരിക്കാൻ
ആളില്ലാത്ത  വീടും
വസന്ത ഇനിയൊരിക്കലും
നടക്കാത്ത  വഴികളും
വറ്റിയ  പുഴയും
ഇന്നും കാത്തിരിക്കുന്നുണ്ട്..
ആരെയെല്ലാമോ

മരണ വീട്




മരണ വീട്


മരണവീട്ടിൽ എപ്പോളും
ഒരു നിശ്ശബ്ദതയായിരിക്കും..
എല്ലാ ബഹളങ്ങളുടെ ഇടയിലും
ആ വല്ലാത്ത നിശ്ശബ്ദത
മുഴച്ച് നിൽക്കുന്നുണ്ടാവും !

മരണ വീട്ടിൽ എല്ലാവർക്കും
ഒരുതരം വികാര രഹിത മുഖമായിരിക്കും
ഒരു കരുവാളിപ്പ് ചിരികൾക്കിടയിലും
എല്ലാവരുടെയും മുഖത്തുണ്ടാവും !

ദുഖം കാണാൻ വരുന്നവർക്ക്
കൊടുക്കുന്ന പലഹാരങ്ങളിലും
ബന്ധുക്കൾക്ക് നൽകുന്ന
ഭക്ഷണത്തിലും എല്ലാം
രസക്കൂട്ടുകൾക്ക് ഒരിക്കലും
കൃത്യമായി മനസ്സിലാക്കാനാവാത്ത
എന്തോ ഒരരുചി ഉണ്ടാവും !

വന്ന് പോകുന്നവരുടെ
മുന്തിയ സുഗന്ധലേപനങ്ങളുടെ
മണങ്ങൾക്കിടയിലും
കരിന്തിരി കത്തിയ
എന്തോ ഒരു മണം മുറികളിൽ
ആരും കാണാതെ പതുങ്ങിയിരിക്കുന്നുണ്ടാവും !

സന്ധ്യയായിട്ടും മുറ്റത്തെ അഴയിൽ
ആരും എടുത്ത് മടക്കി
അകത്ത് വെക്കാനില്ലാതെ
ഒരു തോർത്ത് മുണ്ടോ
മറ്റേതെങ്കിലും വസ്ത്രമോ
കാറ്റിൽ പോലും ഇളകാതെ
മരിച്ചയാളിന്റേതായി നിങ്ങളെ
ജനൽ കാഴ്ചയിലൂടെ
അലോസരപെടുത്തുന്നുണ്ടാവും !

രാത്രി തെളിഞ്ഞ് കത്തുന്ന
പെട്രോ മാക്സും
മുറ്റത്ത് വലിച്ച് കെട്ടിയ
ടാർപോളിൻ പന്തലും
ഇരുട്ടിനെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കും !

അകത്തെ മുറിയിലേക്കോ,
പുറത്ത് മുറ്റത്തെ ഇരുളിലേക്കോ
തനിച്ചൊന്നു പോകാൻ നിങ്ങൾക്കും
വല്ലാത്തൊരു മടിയായിരിക്കും
ചുവരിൽ അനങ്ങാതിരുന്നു
മരിച്ചയാാളിന്റെ പടം
നിങ്ങളെ തന്നെ നോക്കുന്നതായി തോന്നും !

എല്ലാം സത്യം തന്നെ
എങ്കിലും ഒന്നു ഞാൻ പറയാം
ആരും ഭയക്കരുത്
പിരിഞ്ഞ് പോയതിൽ
നിങ്ങളേക്കാൾ വിഷമം എനിക്കല്ലെ
അപ്പൊൾ പിന്നെ എനിക്കെങ്ങനെ
നിങ്ങളെ ഭയപെടുത്താനാവും ?
എങ്ങനെ ഉപദ്രവിക്കാനാവും !

തീ !!!






തീ കൊണ്ട് കളിക്കുമ്പോൾ
സൂക്ഷിക്കുക

നിന്റെ സർവ്വ നാശത്തെ
അഗ്നി ശുദ്ധിയെന്ന
ഓമനപ്പേരിട്ടു വിളിക്കാൻ
എന്നും മിടുക്കിയാണവൾ

തിളങ്ങുന്ന
സ്വർണ്ണ വർണ്ണങ്ങളിൽ
കാറ്റിലാടിയുലഞ്ഞ്
നൃത്തം ചെയ്ത്,

ഉള്ളിലെ ഉഗ്രതാപത്തെ
ഒളിച്ച് വെച്ച ചിരിയാൽ
മാടി വിളിച്ച്
നിന്നെയവൾ എന്നും
മോഹിപ്പിച്ച് കൊണ്ടിരിക്കും

നിന്റെ പ്രണയ പദാർഥങ്ങളുടെ
ഏത് രൂപത്തെയും
തന്നിലേക്കാവാഹിച്ച്
കുടിച്ച് വറ്റിച്ച്
നിർവീര്യ , നിശ്ചലമാക്കുവാൻ
എന്നും പ്രാപ്തയാണവൾ

കൃത്യമായ അകലം സൂക്ഷിച്ചും
നോക്കിയും കണ്ടൂം
സ്വന്തം കാര്യത്തിനു മാത്രം
ഉപയോഗിച്ചും കൂടെ നിർത്തുക.

എങ്കിലും, മറക്കേണ്ട,
തീ കൊണ്ട് കളിക്കുമ്പോൾ
സൂക്ഷിക്കുക !!

ഇനിയെന്ത് ചൊല്ലുവാൻ




ഇപ്പോഴും ഉണ്ട്
എന്റെ ഉള്ളിലൊരു ചേകവൻ
ഇനിയും മരിക്കാതെ
അങ്കക്കലി പൂണ്ട്

എത്ര തവണ ചതിക്കപ്പെട്ടാലും
ഒരു പിൻ വിളിയിൽ
എല്ലാം മറന്ന് വീണ്ടും
നിന്നെ മാത്രം മോഹിക്കുന്നവൻ
ഒരു മന്ദസ്മിതത്തിന്റെ
പകൽ പൂരം തീർത്ത്
മനസ്സിലൊരു മോഹമായി
ഓർമ്മയുടെ കൽ വിളക്കിൽ
നിറദീപം പോലെ നീയും
വിധി വിഹിതം തടുക്കുവാനാവാത്ത
നിസംഗതയുടെ പരദേവതകളെ
എല്ലാ സത്യവുമറിഞ്ഞിട്ടും
നിങ്ങൾ മൗനം തുടരുക
ആരുടെയൊക്കെയോ കുലമഹിമ
വാഴ്ത്തപ്പെടാൻ മാത്രം
കുലദൈവങ്ങളായി സത്യത്തിനു മേൽ
അടയിരുന്നു കൊള്ളൂക .

വെറുതെ ചില ഓർമ്മകൾ..





വെറുതെ  ചില  ഓർമ്മകൾ..

വടക്കേ  മുറ്റത്ത്,
മീൻ മുറിച്ച് കൊണ്ടിരിക്കുന്ന  അമ്മ
അരികിൽ  കുശലം പറഞ്ഞ്കൊണ്ടൊരു പൂച്ച
കുലച്ച് നിൽക്കുന്ന  മൂന്നാലു വാഴകൾ

സന്ധ്യയ്ക്ക്
തുളസിത്തറയിൽ മുനിഞ്ഞ് കത്തുന്ന തിരി
നിലവിളക്ക്, നാമജപം
എവിടെ നിന്നോ പറന്ന് വന്ന്
  പെട്ടന്ന് വിളക്കു കെടുത്തി
പറന്നു പോകുന്ന  കടവാവലുകൾ

മുക്കുറ്റിയും തുമ്പയും നിറഞ്ഞ  പറമ്പ്
അതിരുകളിൽ വേലിയില്ലാത്ത
കുറേ  വീടുകൾ

അടുക്കള
മഴയിൽ തണുത്ത് പോയ
തീപ്പെട്ടിയെ  പരിഹസിച്ച്
എപ്പോഴും പുകയുന്ന  അടുപ്പ്

പിന്നീടെപ്പോഴോ
വാതിൽ പടിയിൽ മറഞ്ഞ് നിന്നു
അമ്മയുടെ  യാത്രാമൊഴി
ചാരുകസേരയിൽ അച്ഛൻ


തീവണ്ടി,
  കാലത്തിലൂടെ കടന്ന് പോകുന്ന
നീളൻ തുരങ്കങ്ങൾ
തിരക്ക്, ഒച്ച  ബഹളം

പിന്നെ,
നവധാന്യങ്ങളുടെ ഗന്ധം
പുകയുന്ന  ചന്ദനത്തിരി
വരടിയും രാമച്ചവും ചേർന്ന പുക

കാടു പിടിച്ച് കിടക്കുന്ന  പറമ്പും
മരം കൊത്തി തുളയിട്ട  തെങ്ങുകളും
മെരുവും   മുള്ളൻ പന്നിയും
ചേർന്ന് അനാഥമാക്കിയ 
കുറേ ഓർമ്മകൾ


ചില സൗഹൃദങ്ങൾ





ചില  സൗഹൃദങ്ങൾ  അങ്ങിനെയാണു
ഒരു മല  പോലെ
നമുക്ക്  മുന്നിലങ്ങിനെ
ഉയർന്ന് നിൽക്കും

പ്രതിസന്ധികളുടെ  ഉഷ്ണവാതങ്ങളായി
നമുക്ക് നേരെ ഉരുണ്ട്കൂടി വരുന്ന
  കാർമേഘങ്ങളെ  തടഞ്ഞ് നിർത്തി
തണുപ്പിച്ച്  ഒരു കുളിർ മഴയാക്കി 
നമ്മളെ തന്നെ  നനയിക്കും

എന്നിട്ടും ,
നിർവികാര  നിസംഗമായ്
  ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ
നമ്മെ  പോലും വിസ്മയിപ്പിച്ച്
ആകാശം മുട്ടി
വളർന്ന് നിൽക്കും

എന്നേ ഉണങ്ങി 
വരണ്ട് പോകുമായിരുന്ന
ഊഷ്മളതയുടെ ഇലച്ചാർത്തുകളിൽ 
പ്രതീക്ഷയുടെ പച്ചപ്പ് നിറച്ച്
ജീവിതം ഹരിതാഭമാക്കും

ചില പൊടിക്കൈകൾ.




റേഷനരിയുടെ സഞ്ചിയും
   മണ്ണെണ്ണയുടെ   ടിന്നും
ഒരേ കയ്യിൽ ചേർത്ത്   പിടിക്കരുത്,
എത്ര  തന്നെ  കഴുകിയാലും 
  മണ്ണെണ്ണയുടെ ഗന്ധം
  അരിയിൽ നിന്നും മാറില്ല

ഗോദമ്പ്  പൊടിയ്ക്കാൻ
മില്ലിലേക്ക് പോകുമ്പോൾ
  ഭാരമുള്ള സഞ്ചി 
തലയിൽ വെച്ചോളൂ,
പക്ഷേ പൊടിച്ച് തിരികെ  വരുംമ്പോൾ
  ഒരിക്കലും തലയിൽ വെക്കരുത് ,
നല്ല  ചൂടായിരിക്കും..
വീട്ടിലെത്തുമ്പോഴേക്കും തലപെരുക്കും,
കണ്ണിലിരുട്ടു കയറും 


വെറുംവയറ്റിലെ  കാളലകറ്റാൻ 
രാവിലെ  പഴങ്കഞ്ഞി  വെള്ളം  കുടിക്കുംമ്പോൾ   
നല്ല പുളിപ്പായിരിക്കും,
ഉപ്പ് പ്രത്യേകം ചേർക്കണമെന്നില്ല

നിലത്ത് വീണു പോയ  പത്തിരിക്കഷ്ണം
  കയ്യിലെടുത്തൊന്നു കുടഞ്ഞാൽ മതി, 
അതിലെ  പൊടിയെല്ലാം  നീക്കി
വീണ്ടും  കഴിക്കാനാവും


നീളത്തിൽ കീറിപ്പോയ
മുണ്ട്  സൂചികൊണ്ട് തുന്നുമ്പോൾ 
ഒരറ്റം  കാലിലെ
പെരുവിരൽ കൊണ്ടു
ചേർത്ത് പിടിച്ച്
മറ്റേയറ്റം കടിച്ച് പിടിച്ച്
നേർ രേഖയിലാക്കിയാൽ
എളുപ്പത്തിൽ  പരസഹായമില്ലാതെ തുന്നാം

ശാസ്ത്രം ജയിച്ചു.



ശാസ്ത്രം ജയിച്ചു.

അപ്പൂപ്പന്‍ താടിയും
ഒരു കിലോ ഭാരവും
ഒരുമിച്ച് വീഴുമല്ലോ,
താഴേയൊന്നിച്ച് വീഴുമല്ലോ
തെറ്റില്ലാ ശാസ്ത്രം പറഞ്ഞെതല്ലേ
നിത്യം സത്യമതാവുമല്ലോ
മുറ്റത്തേക്കാരോ വരുന്നുണ്ടെന്നച്ചനെ
താങ്ങിയെടുത്തും കൊണ്ട്.
പുസ്തകം പിന്നെ പഠിച്ചിടാം
അമ്മയെയാദ്യം വീളിച്ചിടട്ടേ.
ആളൂകള്‍ കൂടുന്നല്ലോ
ആരവം കൂടുന്നല്ലോ
അമ്മ കരയുന്നല്ലോ
അച്ഛന്‍ കിടക്കുന്നല്ലോ
തെങ്ങീന്ന് വീണതല്ലേ
അധികം മുറിവില്ലല്ലോ
അരയിലെ ചോരയില്‍
പൊതിയിലായപ്പോളും
കടലാസില്‍ കപ്പലണ്ടി,
നിലവിളി കൂടുന്നല്ലോ
നിലവിളക്കെരിയുന്നല്ലോ
കുളിയും കഴിഞ്ഞുവല്ലോ
വെള്ള പുതച്ചുവല്ലോ
ഞാനൊന്നു തൊട്ടുവല്ലോ
അമ്മയലറുന്നല്ലോ
അച്ഛനെ കൊണ്ട്വോയല്ലോ
കുഴിയിലിറക്കിയല്ലോ
മണ്ണിട്ടും മൂടിയല്ലോ
ആരവം കുറയുന്നല്ലോ
ആള്‍ക്കാര്‍ കുറയുന്നല്ലോ
അച്ഛന്‍ വരുകില്ലല്ലോ
അമ്മയെ തല്ലില്ലല്ലോ
ഞാനുറങ്ങുന്നേരമച്ഛനെ-
ന്നമ്മയെ തോണ്ടി വിളിക്കില്ലല്ലോ
അമ്മ ചിരിക്കില്ലല്ലോ
കട്ടിലനങ്ങില്ലല്ലോ
പുസ്തകം കിട്ടില്ലല്ലോ
സ്ക്ജൂളിലും പോകേണ്ടല്ലോ
അമ്മയ്ക്ക് കൂട്ടായെനിക്കും
നാളെ മുതല്‍ പാത്രം കഴുകാമല്ലോ
ആരാന്റെ വീട്ടില്‍ കഴിയാമല്ലോ
അച്ഛനുമോലയുമൊന്നിച്ച് വീണിട്ടും
ആദ്യമെന്നച്ഛനെത്തി
താഴെയാദ്യമെന്നച്ഛനെത്തി.
അതിലേറെ താഴോട്ടു
ഞങ്ങളും വീണപ്പോള്‍
ശാസ്ത്രം ജയിച്ചുവല്ലോ..

ഊഞ്ഞാൽ



ഊഞ്ഞാൽ

പൂമരകൊമ്പിലൊരൂഞ്ഞാലു കെട്ടണം
പൂര്‍ന്നേന്ദു ദൂരേയാ  വാനില്‍  തീളങ്ങണം
പൂത്തിരികത്തും മുഖവുമായ് നീ ചാരെ
പ്രണയ സല്ലാപമായ് തീർന്നീടണം
പ്രിയേ  പ്രണയ  സല്ലാപമായ്  തീർന്നിടേണം

താരകള്‍  നാണത്താല്‍ മിഴിചിമ്മുമത് കണ്ട്
താഴോട്ട്  നോക്കാതെയിരുളിൽ ഒളിച്ചിടും
താമരവള്ളിപോല്‍  നീയപ്പോളെന്‍ മാറില്‍
തളര്‍ന്നമര്‍ന്നിടേ മെല്ലെ  പുണര്‍ന്നു ഞാനും

ആടുമായൂഞ്ഞാലിലാറിത്തണുക്കേണം
ആനന്ദ  ബാഷ്പം നാമൊരുമിച്ചുതിര്‍ത്തിടും
 അറിയാതെയാടി ലയിച്ചുറങ്ങും  നമ്മള്‍
ആത്മദാഹം തീര്‍ത്ത  നിര്‍വൃതിയില്‍


എല്ലാം പഴങ്കഥയല്ലേ നമ്മൾ
എല്ലാം നശിപ്പിച്ചൊടുക്കീയില്ലേ

പൂമരമില്ലാ, തൊടിയിലൊന്നും  ഇന്നു
പുല്‍ നാമ്പു പോലും  കരിഞ്ഞു പോയീ
പകലും  കറങ്ങുന്ന പങ്കയ്ക്ക് കീഴെ ഞാൻ
പലതും നിനച്ചങ്ങിരുന്നൂ പ്രിയേ


പരിഭവമാരോടു  ചെല്ലൊം  നമ്മളോ
 പ്രകൃതിയെ കൊന്നോര്‍ നിഷ്ടൂരമായ്
പാപങ്ങള്‍  കാഴുകാനായെങ്കിലും നമ്മൾക്ക്
പുതു  നാമ്പു വെച്ച് പിടിപ്പിച്ചിടാം

സാന്ത്വനം



സാന്ത്വനം


ജീവിതം ,
എത്രയൊക്കെ വിശദീകരിച്ചാലും
അതിരുകള്‍ കവിയുന്ന
അനന്തതയുടെ അപാരതയെന്നു ഞാന്‍
തേങ്ങാക്കുലയെന്നവള്‍

പ്രണയം ,
അബോര്‍ഷന്‍ ടേബിളില്‍
മലര്‍ന്ന് കിടക്കുന്ന പെണ്ണിന്റെ
മുഖത്തെ മരവിപ്പെന്നു ഞാന്‍
മണ്ണാങ്കട്ടയെന്നവള്‍

ഹൃദയം,
ഓരോ മിടിപ്പിലും
ഞരമ്പുകളുടെ അഴിയാക്കുരുക്കിലെക്ക്
രക്തമോടിക്കുന്ന വെറുമൊരു സ്വാര്‍ത്ഥ -
സ്പന്ദനമെന്ന് ഞാന്‍
അതാണു ജീവനെന്നവള്‍.

എല്ലാം പറഞ്ഞ് കഴിഞ്ഞല്ലോ
നിനക്കൊന്നും പറയാനില്ലേ
ഇനിയെന്തെന്നു ഞാന്‍,
അല്പമടുത്തേക്ക് കിടക്കൂ
സുഖമായുറങ്ങാമെന്നവള്‍.

മുറിവുകൾ...






ഓരോ മുറിവുകളും
ഓരോ ചുണ്ടുകളാണു..
വിതുമ്പലുകൾ മാത്രം അവശേഷിപ്പിച്ച്
ചോര കിനിയുന്ന
ആരും ഉമ്മ വെയ്ക്കാൻ മടിക്കുന്ന
ചുവന്ന ചുണ്ടുകൾ
ഉണങ്ങിയ ഓരോ മുറിവുകൾക്കും
ഓരോ കഥകൾ പറയുവാനുണ്ടാവും
കൂടി ചേർക്കപ്പെട്ട
മുറിവായകളിലേക്ക് വെറുതെയെങ്കിലും
സൂക്ഷിച്ച് നോക്കിയിട്ടുണ്ടോ
ചുണ്ടുകൾ ചേർത്തടച്ചിട്ടും
പുറത്തേക്ക് തെളിയുന്ന
നിർവികാരമായൊരു ചിരി പോൽ
ഉണങ്ങിയ മുറിവുകൾ എന്തെല്ലാമോ
നമ്മോട് നമുക്കറിയാത്ത ഭാഷയിൽ
പറയാൻ ശ്രമിച്ച് കൊണ്ടിരിക്കും.

കരയില്ല ഞാൻ




വ്യർത്ഥ  മോഹങ്ങൾ  തൻ
മരുപ്പച്ച  തേടിക്കുതിച്ചും കിതച്ചും 
ജീവിതപ്പെരുവഴിപ്പാതിയിലേകനായ് ,
വിസ്മൃതിതൻ ഉത്തുംഗ  ശൃഗങ്ങളിൽ
പൂത്തു നിൽക്കും കണിക്കൊന്ന  പോൽ
ബാല്യമൊരു ചിരിയായോർമ്മയിൽ
പുനർജനിക്കുമീ വേളയിൽ
ഇല്ല, കരയില്ല ഞാനിനിയും

താണ്ടുവാനേറെയുണ്ടീ
ജീവിത വീഥിയിലെന്നൊരു
ചെറു തോന്നൽ വെറുതെയീ
ഭ്രമചിത്തം  ഭരിയ്ക്കവേ
ഇല്ല ,കരയില്ല  ഞാനിനിയും


അകലെയൊരു താരകം 
സന്ധ്യതൻ ചക്രവാളത്തിലായ് 
മിഴിപാർത്തിരിക്കുന്നുവോ,
അഴലുകൾ മറന്നീടാമവിടെയെത്തും വരെ
നിത്യശാന്തിതൻ  മൗനസമുദ്രത്തിലാഴും വരെ
 ഇല്ല ,കരയില്ല ഞാനിനിയും

ചിത്രം വരയ്ക്കുമ്പോള്‍



അവൻ വലിയൊരു കടലാസ്
  നിവർത്തി വെച്ച്
പ്രപഞ്ച ചിത്രം
വരയ്ക്കുക  ആയിരുന്നു
ഭൂമിയാണാദ്യം വരച്ചത്
ആകാശവും നക്ഷത്രങ്ങളും
മേഘങ്ങളും  നിലാവും
അതിനു കീഴെ 
കരിമ്പാറക്കെട്ടുകളും  കടലും
  കരിമണലും  വീടുകളും
മലയും വരച്ചു

പ്രണയം വരച്ച്   ബാക്കി വന്നതിൽ
കുറേ  സ്ഥലം മരുപ്പച്ചയുടെ
മുൾച്ചെടികളും  പൊടിക്കാറ്റും   ചേർത്ത്
   മരുഭൂമിയ്ക്കായി മാറ്റിവെച്ചു

ഇനിയും വരയ്ക്കാനേറെയുണ്ട്
കാടും മരങ്ങളും  കാട്ടാറുകളും
മഴയും പുഴയും .
.മഴയെ  മണ്ണിലേക്ക്
  ചേർത്ത് നിർത്തിയും
കാട്ടാറുകളെ  കുടിലുകൾക്കരികിലൂടെയും
പുഴയെ   തുള്ളിച്ചാടിച്ച് 
മെല്ലെ ചിരിപ്പിച്ച്
 കടലിലേക്കും വരച്ചൊഴുക്കി

അവസാനം കടലാസിൽ
അവിടവിടെയായി  അവ്യക്തമായി
ജീവിതം  വരച്ചുകൊണ്ടിരിക്കെ
വരണ്ട്  പോയ
ചായക്കുപ്പികളിൽ
ഒരു തുള്ളി വെള്ളം ചേർക്കാനില്ലാതെ

 പ്രതീക്ഷകൾ മരിച്ച് കിടക്കുന്ന
നിറങ്ങളെ  നോക്കി
വിതുമ്പൽ ഒതുക്കി
  ഇനിയും പൂർത്തിയാവാത്ത
ചിത്രത്തിൽ തളർന്നുറങ്ങി


അവന്റെ  നിശ്വാസങ്ങൾക്കൊപ്പം
  വരച്ചു  ചാലിച്ച  മേഘങ്ങളും
രാത്രിയുടെ  യാമങ്ങളിൽ 
  എപ്പോളോ ആകാശത്തേക്കുയർന്ന്
മിന്നലും ഇടിയും  കാറ്റും കോളും 
പേമാരിയുമായി   തകർത്ത് പെയ്തു
നനഞ്ഞു കുതിർന്നു പോയിരുന്ന 
കടലാസിൽ പുതിയൊരു ചിത്രം  വരച്ച്
മഴ  അപ്പൊഴും പെയ്തുകൊണ്ടിരുന്നു

ഗാലക്സികളുടെ പ്രണയം






നീയും കേൾക്കിന്നില്ലേ
അവർ  പറയുന്നത്
നമ്മളിങ്ങനെ പരസ്പരം
  അകന്നു പോവുമ്പോഴും
പ്രപഞ്ചം വികസിക്കുകയാണത്രേ

ഇനിയും കൃത്യമായി
നമുക്ക് പോലും മനസ്സിലാവാത്ത
ചിതറി തെറിക്കലിൽ
  അകലങ്ങളിലേക്ക് പോകുമ്പോഴും
കാരണമറിയാൻ കാത്ത് നിൽക്കാതെ  
നമ്മളിപ്പോഴും   പ്രണയത്തിലാണല്ലോ .

നശിച്ച  തറവാട്ടിലെ
പിഴച്ച  ധൂമകേതുക്കൾ
 വഴി തെറ്റി   വന്ന്
ഇടയ്ക്കിടെ പരിഹസിക്കുമ്പോഴും

ഏതോ പ്രാപഞ്ചിക  നിസ്സംഗമാം
  ചലന വേഗത്തിൽ
മുന്നോട്ട് നീങ്ങുമ്പോഴും
ഒരിക്കലും കൂട്ടിമുട്ടില്ലെന്ന 
നൊമ്പരപെടുത്തുന്ന ഉറപ്പിനിടയിലും

  പ്രണയത്തിന്റെ  ക്ഷീരപഥങ്ങളിൽ
എന്നോ നമ്മൾ
ഒന്നിച്ച് നീങ്ങിയവരെന്നത്
ഇവർ മറക്കുന്നുവോ .

ഇനിയും നശിക്കാത്ത
പ്രത്യാശയുടെ  പ്രകാശ-
  വർഷങ്ങൾക്കുമപ്പുറത്ത്
അതിശൈത്യം ബാധിച്ചൊരോർമ്മ പോൽ
ആരോ ഇന്നും നമ്മെ 
  മഹാവിസ്പോടനത്തിന്റെ
പ്രണയ   രാഗത്തിലേക്ക്
തിരികെ  വിളിക്കുന്നുവോ

ഓരോ പ്രണയവും
പരസ്പരം അകന്നും
ഓരോ അകൽച്ചയും  
പരസ്പരം പ്രണയിച്ചും
പ്രപഞ്ച നിയമങ്ങളെ
ഓർമ്മിപ്പിക്കുമ്പോൾ

അനിവാര്യമായ  വികാസത്തിനു 
അതിലും അനിവാര്യമായ 
അകൽച്ചയുടെ ഇരകളായി
നമ്മളിനിയും എത്ര നാൾ