മരണ വീട്
മരണവീട്ടിൽ എപ്പോളും
ഒരു നിശ്ശബ്ദതയായിരിക്കും..
എല്ലാ ബഹളങ്ങളുടെ ഇടയിലും
ആ വല്ലാത്ത നിശ്ശബ്ദത
മുഴച്ച് നിൽക്കുന്നുണ്ടാവും !
മരണ വീട്ടിൽ എല്ലാവർക്കും
ഒരുതരം വികാര രഹിത മുഖമായിരിക്കും
ഒരു കരുവാളിപ്പ് ചിരികൾക്കിടയിലും
എല്ലാവരുടെയും മുഖത്തുണ്ടാവും !
ദുഖം കാണാൻ വരുന്നവർക്ക്
കൊടുക്കുന്ന പലഹാരങ്ങളിലും
ബന്ധുക്കൾക്ക് നൽകുന്ന
ഭക്ഷണത്തിലും എല്ലാം
രസക്കൂട്ടുകൾക്ക് ഒരിക്കലും
കൃത്യമായി മനസ്സിലാക്കാനാവാത്ത
എന്തോ ഒരരുചി ഉണ്ടാവും !
വന്ന് പോകുന്നവരുടെ
മുന്തിയ സുഗന്ധലേപനങ്ങളുടെ
മണങ്ങൾക്കിടയിലും
കരിന്തിരി കത്തിയ
എന്തോ ഒരു മണം മുറികളിൽ
ആരും കാണാതെ പതുങ്ങിയിരിക്കുന്നുണ്ടാവും !
സന്ധ്യയായിട്ടും മുറ്റത്തെ അഴയിൽ
ആരും എടുത്ത് മടക്കി
അകത്ത് വെക്കാനില്ലാതെ
ഒരു തോർത്ത് മുണ്ടോ
മറ്റേതെങ്കിലും വസ്ത്രമോ
കാറ്റിൽ പോലും ഇളകാതെ
മരിച്ചയാളിന്റേതായി നിങ്ങളെ
ജനൽ കാഴ്ചയിലൂടെ
അലോസരപെടുത്തുന്നുണ്ടാവും !
രാത്രി തെളിഞ്ഞ് കത്തുന്ന
പെട്രോ മാക്സും
മുറ്റത്ത് വലിച്ച് കെട്ടിയ
ടാർപോളിൻ പന്തലും
ഇരുട്ടിനെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കും !
അകത്തെ മുറിയിലേക്കോ,
പുറത്ത് മുറ്റത്തെ ഇരുളിലേക്കോ
തനിച്ചൊന്നു പോകാൻ നിങ്ങൾക്കും
വല്ലാത്തൊരു മടിയായിരിക്കും
ചുവരിൽ അനങ്ങാതിരുന്നു
മരിച്ചയാാളിന്റെ പടം
നിങ്ങളെ തന്നെ നോക്കുന്നതായി തോന്നും !
എല്ലാം സത്യം തന്നെ
എങ്കിലും ഒന്നു ഞാൻ പറയാം
ആരും ഭയക്കരുത്
പിരിഞ്ഞ് പോയതിൽ
നിങ്ങളേക്കാൾ വിഷമം എനിക്കല്ലെ
അപ്പൊൾ പിന്നെ എനിക്കെങ്ങനെ
നിങ്ങളെ ഭയപെടുത്താനാവും ?
എങ്ങനെ ഉപദ്രവിക്കാനാവും !
No comments:
Post a Comment