നീയും കേൾക്കിന്നില്ലേ
അവർ പറയുന്നത്
നമ്മളിങ്ങനെ പരസ്പരം
അകന്നു പോവുമ്പോഴും
പ്രപഞ്ചം വികസിക്കുകയാണത്രേ
ഇനിയും കൃത്യമായി
നമുക്ക് പോലും മനസ്സിലാവാത്ത
ചിതറി തെറിക്കലിൽ
അകലങ്ങളിലേക്ക് പോകുമ്പോഴും
കാരണമറിയാൻ കാത്ത് നിൽക്കാതെ
നമ്മളിപ്പോഴും പ്രണയത്തിലാണല്ലോ .
നശിച്ച തറവാട്ടിലെ
പിഴച്ച ധൂമകേതുക്കൾ
വഴി തെറ്റി വന്ന്
ഇടയ്ക്കിടെ പരിഹസിക്കുമ്പോഴും
ഏതോ പ്രാപഞ്ചിക നിസ്സംഗമാം
ചലന വേഗത്തിൽ
മുന്നോട്ട് നീങ്ങുമ്പോഴും
ഒരിക്കലും കൂട്ടിമുട്ടില്ലെന്ന
നൊമ്പരപെടുത്തുന്ന ഉറപ്പിനിടയിലും
പ്രണയത്തിന്റെ ക്ഷീരപഥങ്ങളിൽ
എന്നോ നമ്മൾ
ഒന്നിച്ച് നീങ്ങിയവരെന്നത്
ഇവർ മറക്കുന്നുവോ .
ഇനിയും നശിക്കാത്ത
പ്രത്യാശയുടെ പ്രകാശ-
വർഷങ്ങൾക്കുമപ്പുറത്ത്
അതിശൈത്യം ബാധിച്ചൊരോർമ്മ പോൽ
ആരോ ഇന്നും നമ്മെ
മഹാവിസ്പോടനത്തിന്റെ
പ്രണയ രാഗത്തിലേക്ക്
തിരികെ വിളിക്കുന്നുവോ
ഓരോ പ്രണയവും
പരസ്പരം അകന്നും
ഓരോ അകൽച്ചയും
പരസ്പരം പ്രണയിച്ചും
പ്രപഞ്ച നിയമങ്ങളെ
ഓർമ്മിപ്പിക്കുമ്പോൾ
അനിവാര്യമായ വികാസത്തിനു
അതിലും അനിവാര്യമായ
അകൽച്ചയുടെ ഇരകളായി
നമ്മളിനിയും എത്ര നാൾ
No comments:
Post a Comment