വെറുതെ ചില ഓർമ്മകൾ..
വടക്കേ മുറ്റത്ത്,
മീൻ മുറിച്ച് കൊണ്ടിരിക്കുന്ന അമ്മ
അരികിൽ കുശലം പറഞ്ഞ്കൊണ്ടൊരു പൂച്ച
കുലച്ച് നിൽക്കുന്ന മൂന്നാലു വാഴകൾ
സന്ധ്യയ്ക്ക്
തുളസിത്തറയിൽ മുനിഞ്ഞ് കത്തുന്ന തിരി
നിലവിളക്ക്, നാമജപം
എവിടെ നിന്നോ പറന്ന് വന്ന്
പെട്ടന്ന് വിളക്കു കെടുത്തി
പറന്നു പോകുന്ന കടവാവലുകൾ
മുക്കുറ്റിയും തുമ്പയും നിറഞ്ഞ പറമ്പ്
അതിരുകളിൽ വേലിയില്ലാത്ത
കുറേ വീടുകൾ
അടുക്കള
മഴയിൽ തണുത്ത് പോയ
തീപ്പെട്ടിയെ പരിഹസിച്ച്
എപ്പോഴും പുകയുന്ന അടുപ്പ്
പിന്നീടെപ്പോഴോ
വാതിൽ പടിയിൽ മറഞ്ഞ് നിന്നു
അമ്മയുടെ യാത്രാമൊഴി
ചാരുകസേരയിൽ അച്ഛൻ
തീവണ്ടി,
കാലത്തിലൂടെ കടന്ന് പോകുന്ന
നീളൻ തുരങ്കങ്ങൾ
തിരക്ക്, ഒച്ച ബഹളം
പിന്നെ,
നവധാന്യങ്ങളുടെ ഗന്ധം
പുകയുന്ന ചന്ദനത്തിരി
വരടിയും രാമച്ചവും ചേർന്ന പുക
കാടു പിടിച്ച് കിടക്കുന്ന പറമ്പും
മരം കൊത്തി തുളയിട്ട തെങ്ങുകളും
മെരുവും മുള്ളൻ പന്നിയും
ചേർന്ന് അനാഥമാക്കിയ
കുറേ ഓർമ്മകൾ
No comments:
Post a Comment