റേഷനരിയുടെ സഞ്ചിയും
മണ്ണെണ്ണയുടെ ടിന്നും
ഒരേ കയ്യിൽ ചേർത്ത് പിടിക്കരുത്,
എത്ര തന്നെ കഴുകിയാലും
മണ്ണെണ്ണയുടെ ഗന്ധം
അരിയിൽ നിന്നും മാറില്ല
ഗോദമ്പ് പൊടിയ്ക്കാൻ
മില്ലിലേക്ക് പോകുമ്പോൾ
ഭാരമുള്ള സഞ്ചി
തലയിൽ വെച്ചോളൂ,
പക്ഷേ പൊടിച്ച് തിരികെ വരുംമ്പോൾ
ഒരിക്കലും തലയിൽ വെക്കരുത് ,
നല്ല ചൂടായിരിക്കും..
വീട്ടിലെത്തുമ്പോഴേക്കും തലപെരുക്കും,
കണ്ണിലിരുട്ടു കയറും
വെറുംവയറ്റിലെ കാളലകറ്റാൻ
രാവിലെ പഴങ്കഞ്ഞി വെള്ളം കുടിക്കുംമ്പോൾ
നല്ല പുളിപ്പായിരിക്കും,
ഉപ്പ് പ്രത്യേകം ചേർക്കണമെന്നില്ല
നിലത്ത് വീണു പോയ പത്തിരിക്കഷ്ണം
കയ്യിലെടുത്തൊന്നു കുടഞ്ഞാൽ മതി,
അതിലെ പൊടിയെല്ലാം നീക്കി
വീണ്ടും കഴിക്കാനാവും
നീളത്തിൽ കീറിപ്പോയ
മുണ്ട് സൂചികൊണ്ട് തുന്നുമ്പോൾ
ഒരറ്റം കാലിലെ
പെരുവിരൽ കൊണ്ടു
ചേർത്ത് പിടിച്ച്
മറ്റേയറ്റം കടിച്ച് പിടിച്ച്
നേർ രേഖയിലാക്കിയാൽ
എളുപ്പത്തിൽ പരസഹായമില്ലാതെ തുന്നാം
No comments:
Post a Comment